മുംബൈ: നടപ്പു സാന്പത്തിക വർഷത്തെ ഡിസംബർ വരെയുള്ള ത്രൈമാസ ഫലങ്ങൾ പുറത്തുവിട്ട് രാജ്യത്തെ ഏറ്റവും വലിയ ഐടി കന്പനിയായ ടാറ്റ കണ്‍സൾട്ടൻസി സർവീസസ്.
ഡിസംബർ പാദത്തിൽ ടിസിഎസിന്റെ അറ്റ ലാഭം വാർഷികാടിസ്ഥാനത്തിൽ ഏകദേശം 14 ശതമാനം ഇടിഞ്ഞ് 10,657 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ലാഭം 12,380 കോടിയിലായിരുന്നു. അതേസമയം, പ്രവർത്തന വരുമാനം ഏകദേശം 5 ശതമാനം ഉയർന്ന് 67,087 കോടിയിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 63,973 കോടി രൂപയായിരുന്നു. ലാഭത്തിൽ ഇടിവുണ്ടായെങ്കിലും വരുമാന വളർച്ച നിലനിൽക്കുന്നതാണ് ഈ പാദത്തിലെ പ്രധാന പ്രത്യേകത.
പുതിയ തൊഴിൽ നിയമങ്ങളും കന്പനിയിൽ നടപ്പിലാക്കുന്ന പുനർനിർമാണ പ്രവർത്തനങ്ങളുമാണ് കന്പനിയുടെ ലാഭത്തിൽ ഇടിവുണ്ടാകാനുള്ള പ്രധാന കാരണങ്ങൾ. പുതിയ തൊഴിൽനിയമം കാരണം കന്പനിക്ക് 2128 കോടി രൂപയുടെ അധികച്ചെലവുണ്ടായി. കന്പനിയുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള പുതിയ സാങ്കേതികവിദ്യകളിലേക്കു മാറുന്നതിനുമായി വൻ തുക ചെലവാക്കേണ്ടിവന്നു.
ഡിവിഡൻഡ് പ്രഖ്യാപനം
ടിഎസിഎസ് മൂന്നാം ഇടക്കാല ഡിവിഡന്റും പ്രത്യേക ഡിവിഡന്റും പ്രഖ്യാപിച്ചു. ഓഹരിയൊന്നിന് മൊത്തം 57 രൂപ ലാഭവിഹിതം ലഭിക്കും. ഇതിൽ 11 രൂപ സാധാരണ ഇക്കാല ഡിവിഡന്റും 46 രൂപ പ്രത്യേക ഡിവിഡന്റുമാണ്. ജനുവരി 17 ആണ് റിക്കാർഡ് തീയതി.